Thursday, October 30, 2008

ഉമ്മ

ഹംസക്ക്‌ 3 വയസ്സുള്ളപ്പോൾ അവന്റെ ഉപ്പ മരിച്ചു. പിന്നിട്‌ ഉമ്മയാണവനെ വളർത്തിയത്‌. പാടത്തും പറമ്പിലും, മറ്റുള്ളവരുടെ അടുക്കളയിലും ജോലി ചെയ്താണ്‌ ഹംസയെ ഉമ്മ വളർത്തിയത്‌.

എന്നാൽ, ഹംസ ഉമ്മയെ വെറുത്തിരുന്നു. കാരണം ഉമ്മക്ക്‌ ഒരു കണ്ണില്ല. കുട്ടുകാർ അവനെ കളിയാക്കിയപ്പോൾ ആ കുഞ്ഞു ഹൃദയം വേദനിച്ചു. അത്‌ ഹംസയോടോപ്പം വളർന്നു.

ഉമ്മ, എന്നും ഹംസയുടെ സ്കുളിൽ ചെന്ന് അവന്റെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നു. അത്‌ ഹംസക്ക്‌ കൂടുതൽ പ്രയാസമുണ്ടാക്കി. ഒരു കണ്ണില്ലാത്തവളെന്ന് കുട്ടുകാർ അവരെ കളിയാക്കി. അതിന്‌ ശേഷം, ഹംസ ഉമ്മയെ കൂടുതൽ വെറുക്കാൻ തുടങ്ങി.

ഒരിക്കൾ ഹംസ ഉമ്മയോട്‌ പറഞ്ഞു "നിങ്ങൾ കാരണം എനിക്കെന്റെ കുട്ടുകാരുടെ മുന്നിൽ നാണംകെടേണ്ടി വരുന്നു. നിങ്ങൾക്ക്‌ എവിടെയെങ്കിലും പോയി മരിച്ച്‌ കൂടെ"

ഉമ്മ ഒന്നും പറഞ്ഞില്ല. അവർ ചിരിച്ചു. മകനോടുള്ള കലർപ്പില്ലാത്ത സ്നേഹത്തിന്റെ ചിരി.

കുട്ടുകാരുടെ പരിഹാസം സഹിക്കവയ്യതെ ഹംസ നാട്‌വിട്ടു. മറ്റോരു നാട്ടിൽചെന്ന് ചില്ലറ ജോലികളുമായി ജീവിച്ചു.

വർഷങ്ങൾക്ക്‌ ശേഷം.

ഇന്ന് ഹംസ പട്ടണത്തിലെ അറിയപ്പെടുന്ന വ്യപാരിയാണ്‌. കുട്ടികളും ഭാര്യയുമായി, സുഖജീവിതം നയിക്കുന്നു.

ഒരു ഭിവസം, അവന്റെ ഉമ്മ ഹംസയുടെ ബഗ്ലാവിന്‌ മുന്നിൽ വന്നു. പേരക്കുട്ടികളെ കണ്ടിട്ടില്ലാത്ത ആ മതാവ്‌, ഹംസയുടെ കുട്ടികളെ കണ്ടതും നിയന്ത്രണം വിട്ടു. എന്നാൽ ഒരു കണ്ണുള്ള വികൃതമായ ഒരു സ്ത്രിയെ കണ്ട ഹംസയുടെ കുട്ടികൾ ഭയന്ന് നിലവിളിച്ചു.

പൊട്ടിത്തെറിച്ച്‌കൊണ്ട്‌ ഹംസ ഉമ്മയോട്‌ പറഞ്ഞു "നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്റെ വിട്ടിൽ വരാൻ. എന്തിനാണ്‌ എന്റെ കുട്ടികളെ നിങ്ങളുടെ വികൃത മുഖം കാണിച്ച്‌ ഭയപ്പെടുത്തുന്നത്‌. ഇറങ്ങി പോകൂ".

വളരെ ശാന്തമായി അവർ പറഞ്ഞു "എന്നോട്‌ ക്ഷമിക്കണം. എനിക്ക്‌ അഡ്രസ്‌ തെറ്റിയതാണ്‌".

മാസങ്ങൾ പലതും കടന്ന് പോയി.

ഹംസയുടെ നാട്ടിൽ നടക്കുന്ന ഒരു ചടങ്ങിലേക്ക്‌ നാട്ടുകാർ അവനെ ക്ഷണിച്ചു.

ചടങ്ങുകൾ കഴിഞ്ഞപ്പോൾ, താൻ ജനിച്ച്‌ വളർന്ന വീട്‌ കാണുവാൻ ഹംസക്ക്‌ ആഗ്രഹം. അയാൾ വിട്ടിലേക്ക്‌ നടന്നു.

ഉമ്മ മരിച്ച വിവരം അയൽവാസി പറഞ്ഞപ്പോൾ ഹംസ കരഞ്ഞില്ല. ഒരു ഭാരം ഒഴിഞ്ഞ സന്തോഷത്തൊടെ ഹംസ തിരിച്ച്‌ നടക്കുകയായിരുന്നു. അപ്പോൾ, അയൽവാസി, ഉമ്മ അവസാനമായി എഴുതിയ ഒരു കത്ത്‌ ഹംസയെ എൽപ്പിച്ചു.

"പ്രിയമുള്ള മകനെ,

നിന്നെക്കുറിച്ച്‌ മാത്രമായിരുന്നു എന്റെ ചിന്ത. നിന്നെ പട്ടണത്തിൽ വന്ന് സന്ദർശിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നിന്റെ കുട്ടികളെ ഭയപ്പെടുത്തിയതിനും. നീ ഈ നാട്ടിൽ വരുന്നു എന്ന് ഞാൻ അറിഞ്ഞു. എനിക്ക്‌ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ നിന്നെ വന്ന് കാണുമായിരുന്നു. ഞാൻ നിന്നെ പല പ്രവശ്യം അപമാനപ്പെടുത്തിയിട്ടുണ്ട്‌. അതിനും മാപ്പ്‌.

നിനക്കറിയുമോ, നിന്റെ മുന്നാം വയസ്സിൽ നിനക്ക്‌ ഒരു അപകടമുണ്ടായി. നിന്റെ ഒരു കണ്ണ്‌ അതിൽ നഷ്ടപ്പെട്ടിരുന്നു. മകനെ പ്രാണന്‌ തുല്യം സ്നേഹിക്കുന്ന ഒരമ്മ എന്ന നിലയിൽ, നാട്ടുകാർ നിന്നെ ഒറ്റ കണ്ണനെന്ന് വിളിച്ച്‌ കളിയാക്കാതിരിക്കാൻ, ഞാൻ എന്റെ ഒരു കണ്ണ്‌ നിനക്ക്‌ തന്നു.

സ്നേഹത്തോടെ

ഉമ്മ."

13 comments:

 1. അലി കരിപ്പുര്‍ said...

  ഒരിക്കൾ ഹംസ ഉമ്മയോട്‌ പറഞ്ഞു "നിങ്ങൾ കാരണം എനിക്കെന്റെ കുട്ടുകാരുടെ മുന്നിൽ നാണംകെടേണ്ടി വരുന്നു. നിങ്ങൾക്ക്‌ എവിടെയെങ്കിലും പോയി മരിച്ച്‌ കൂടെ"

 2. പേടിരോഗയ്യര്‍ C.B.I said...

  മാതാപിതാക്കള്‍ പഴഞ്ചന്മാരാണെന്ന മക്കളുടെ വിലയിരുത്തലുകള്‍ ..................
  അവരറിയുന്നില്ല മാതാപിതാക്കളുടെ ഉള്ളിലെ വിങ്ങല്‍ ......പക്ഷെ അത് മനസ്സിലായി വരുമ്പോഴേക്കും അവരെയും വല്ല വൃദ്ധസസദനത്തിലും അടയ്ക്കപ്പെട്ടിട്ടുണ്ടാകും.

  നല്ലപോസ്റ്റ്.......

 3. കാസിം തങ്ങള്‍ said...

  അലി,ഉമ്മയുടെ സ്നേഹത്തിന് പകരം വെക്കാന്‍ ഒന്നുമില്ല. ആശംസകള്‍

 4. keralainside.net said...

  This post is being listed please categorize this post
  www.keralainside.net

 5. ശ്രീ said...

  മുന്‍പൊരിയ്ക്കല്‍ വായിച്ചിട്ടുണ്ട്. പഴയ പോസ്റ്റ് വീണ്ടും ഇട്ടതാണോ?

  നല്ലൊരു പോസ്റ്റായതു കൊണ്ട് കൂടുതല്‍ പേര്‍ വായിയ്ക്കാന്‍ ഇട വരട്ടെ

 6. ഉഗ്രന്‍ said...
  This comment has been removed by the author.
 7. ഉഗ്രന്‍ said...

  മുന്‍പു വായിച്ചതെങ്കിലും വീണ്ടും വീണ്ടൂം വായിക്കാന്‍ തോന്നുന്ന ഒരു പോസ്റ്റ്. നന്ദി.

  :)

 8. അലി കരിപ്പുര്‍ said...

  അയ്യോ ശ്രീ, ഉഗ്രൻ,

  ഇത്‌ ബ്ലോഗിലുണ്ടോ?,

  അപ്പോ ഞാൻ കോപ്പിയടിക്കാരനായോ?. (സത്യമായിട്ടും കോപ്പിയടിച്ചതല്ല)

  ലിങ്ക്‌ തരാമോ, പ്ലീസ്‌.

 9. sv said...

  വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....


  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

 10. lakshmy said...

  ഞാനും ഈ കഥ മുൻപ് വായിച്ചിട്ടുണ്ട് കെട്ടൊ

 11. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  അലി

  ഈ കഥയിലെ ഗുണപാഠം ഏവരും മനസ്സിലാക്കട്ടെ

  ഇത്‌ ഇ-മെയില്‍ വഴി മുന്നെ വായിച്ചതായി ഓര്‍ക്കുന്നും എന്റെ ഓര്‍മ്മക്കുറവില്ലായ്മക്കുറവാണോ എന്നറിയില്ല. സി.ബി.ഐ.ക്ക്‌ വിടാം

 12. ഒരു സ്നേഹിതന്‍ said...

  അലി ഭായ്...
  മക്കളോടുള്ള കലര്‍പ്പില്ലാത്ത സ്നേഹത്തിനു ഉമ്മമാര്‍ക്ക് എന്ത് ചൈതു കൊടുത്താലും പകരമാവില്ല.
  അങ്ങനെ എത്ര എത്ര ഹംസമാര്‍. അവരല്ലെ ഇന്നു സമൂഹത്തിലെ മാന്യന്മാര്‍?
  അതിനുള്ള തെളിവല്ലെ ഇന്ന് വൃദ്ധസതനങ്ങള്‍ കൂടിവരുന്നത്.

 13. ഇസാദ്‌ said...

  നല്ല പോസ്റ്റ്. ഉമ്മമാരുടെ സ്നേഹത്തിന് പകരം വെക്കാന്‍ ഒന്നുംതന്നെയില്ല.
  നല്ല എഴുത്ത്.