Thursday, November 20, 2008

കള്ളന്മാര്‍

സമയം രാത്രി 12 മണി കഴിഞ്ഞ്‌ കാണും.

എങ്ങും കൂരാക്കുരിരുട്ട്‌. തികഞ്ഞ നിശബ്ദത. ആ സമയത്താണ്‌ വാതിലിൽ ആരോ മുട്ടിയത്‌. ഞാൻ ഞെട്ടിയെഴുന്നേറ്റു.

കള്ളന്മാരും പിടിച്ച്‌ പറിക്കാരുമുള്ള പ്രദേശമാണ്‌. ഇന്നലെയും ഒരാളെ കള്ളന്മർ കുത്തിവീഴ്തിയെന്നും, കൈയിലിരുന്ന ഇക്കാമയും പൈസയും കൊണ്ട്‌പോയെന്നും, രാവിലെ മജീദ്‌ പറഞ്ഞിരുന്നു. കിടക്കുമ്പോൾ വാതിലുകൾ ശരിക്കും അടക്കണമെന്നു, രാത്രി ആര്‌ വന്ന് വിളിച്ചാലും തുറക്കരുതെന്നും. പോലിസിന്റെ വേഷത്തിലും, കള്ളന്മർ ഇറങ്ങിയിട്ടുണ്ട്‌.

എന്ത്‌ ചെയ്യണമെന്നറിയാതെ ഞാൻ വിയർത്ത്‌കുളിച്ചു. റൂമിൽ ഞാൻ തനിച്ചാണ്‌. മാരകായുധങ്ങളുമായാണ്‌, ഇവർ അക്രമിക്കാൻ വരിക. ലൈറ്റിടാൻ എനിക്ക്‌ പേടിയായി. കുറച്ച്‌ സമയം കാത്തിരുന്നിട്ട്‌ തുറക്കാതിരുന്നാൽ അവർ തിരിച്ച്‌ പോവുമെന്ന് ഞാൻ കരുതി. ശ്വാസം പോലും വിടാതെ ഞാൻ കാത്തിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ, സഹായിക്കാൻ ആരുമില്ല.

വെപ്രളം കാരണം അധികം നേരം പിടിച്ച്‌വെക്കുവാൻ സാധിക്കാത്ത ചിലതോക്കെ, എന്റെ അനുവാദത്തിന്‌ കാത്തിരിക്കാതെ നടന്നു. സ്ഥലകാല ബോധം നഷ്ടപ്പെട്ടാൽ പിന്നെ ചില വാൽവുകൾ ഒട്ടോമാറ്റിക്കാവും എന്ന തിയ്യറി ഞാൻ മനസിലാക്കി.

വീണ്ടും വാതിലിൽ തട്ടുന്നു. ശക്തമായി തന്നെ.

കട്ടിലിനടിയിൽ നിന്നും പൈപ്പ്‌റെഞ്ച്‌ തപ്പിയെടുത്ത്‌, ഒരാളെ അടിച്ചിടാൻ തയ്യറെടുത്ത്‌, സർവ്വശക്തിയും സംഭരിച്ച്‌ ഞാൻ ചോദിച്ചു,

"ആരാ".

"ഡാ, വാതിൽ തുറക്കെടാ"

അപ്പോ ഉറപ്പായി, മലയാളി കള്ളന്മരാണെന്ന്. അല്ലെങ്കിൽ കള്ളന്മരുടെ എജന്റ്‌. അവർ മലയാളത്തിൽ സംസാരിച്ച്‌ വാതിലിൽ മുട്ടുമെന്ന് പറയുന്നത്‌ കേട്ടിരുന്നു.

ഞാൻ ജനാല വഴി പുറത്തേക്ക്‌ ചാടുവാൻ നോക്കി, മുന്നാം നിലയിൽ നിന്നും താഴേക്ക്‌ ചാടിയാൽ പിന്നെ കൈയോ കാലോ, ചിലപ്പോൾ രണ്ടും കൂടിയോ ഒടിഞ്ഞ്‌...

വാതിൽ തല്ലിപൊളിക്കുന്ന രീതിയിൽ വീണ്ടും മുട്ട്‌.

"ഡാ, ഞാനാണ്‌ മാനു, റൂമിൽ വെള്ളമുണ്ടോ?. ഉണ്ടെങ്കിൽ ഇത്തിരി താ"

ശ്വാസം നേരെവീണെങ്ങിലും, ശരീരത്തിന്റെ മറ്റു പലതും നേരെ വീഴാൻ ഇത്തിരി സമയമെടുത്തു.

"എന്റെ കൈയിലുള്ള ഇത്തിരി വെള്ളം ഞാൻ ദാ, ഇപ്പോ കളഞ്ഞു" എന്ന് പറഞ്ഞ്‌ ഞാൻ വാതിൽ തുറന്നപ്പോൾ, കൈയിൽ ആയുധവുമായി നിൽക്കുന്ന എന്നെ കണ്ട്‌, അടുത്ത റൂമിലെ മാനു, ചിരിയോട്‌ ചിരി.

-